20/08/2024
വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുനരധിവാസത്തിന്റെ വിവിധ വശങ്ങള് ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച
ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ കോര്‍ട്ടേഴ്സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്കാന് ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്തമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്കുന്നതില് കാര്യമായ തടസ്സം ഇല്ല.
179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബത്തില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്.
5 പേരുടെ ڇനെക്സ്റ്റ് ഓഫ് കിൻڈ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എന്‍ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു.
മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര് എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര് എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.
691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു.
ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി.
119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. കണ്ടെത്തെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും 91 പേരുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
ജീവിതോപാധികള്‍ നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണ്. കാര്‍ഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാര്‍ഗം. അതിനായും വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി മറ്റു പല ആവശ്യങ്ങള്‍ക്കായും ലോണുകള്‍ എടുത്തവരാണതില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് അവര്‍ക്ക് ആ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു, കൃഷിഭൂമി നാമാവശേഷമായിരിക്കുന്നു, അനേകം പേര് ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് സമിതി യോഗത്തില്‍ വെച്ചു.
വായ്പ്കള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുരന്ത മേഖലയിലുള്ളവരില്‍ നിന്നും ജൂലൈ 30 ന് ശേഷം പിടിച്ച ഇ.എം.ഐകള്‍ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകള്‍ നടത്തേണ്ടി വന്നവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ തീരുമാനമെടുത്തത്.
കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചര്‍ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. ഇ.എം.ഐ തിരിച്ചടവില്‍ ഉള്‍പ്പെടെ വരുന്ന മാറ്റം ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് അടിയന്തര ആശ്വാസം പകരുന്ന വിധത്തിലായിരിക്കും. അതോടൊപ്പം പുതിയലോണുകള്‍ നിബന്ധനകള്‍ ലഘൂകരിച്ച്വേഗത്തില് നല്കുന്നതിനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും.
പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കണ്‍സംഷന്‍ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയില്‍ ഉള്ള എല്ലാ څറിക്കവറിچ നടപടികളും തല്ക്കാലം നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് നല്കുന്ന സാമ്പത്തിക സഹായം അവരുടെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കും. ദുരന്തമേഖലയില്‍ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാന്‍ഡേറ്റുകള്‍ അവര്‍ക്ക് സാമ്പത്തികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ റിവ്യൂ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു
ഓണാഘോഷം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്.
ഓണം കേരളത്തിന്റെയാകെ ഉത്സവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മള് എപ്പോഴത്തേക്കാളും ഒരുമിച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അതിനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്കാന് ഓണത്തിനു സാധിക്കും. ആ സന്ദേശം ഉള്‍ക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷം.
സംസ്ഥാനത്തെ എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങള് അടങ്ങിയ ഓണകിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. ആറു ലക്ഷം പേര് ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.
ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളില് ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്കി വില്‍പ്പന നടത്തും.
സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.
കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30% വരെ റിബേറ്റ് നല്കിവരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തില്‍ ഖാദി മേഖലയില്‍ പണി എടുക്കുന്ന 15000 തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാന്‍ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 14 വരെ റിബേറ്റോടുകൂടി വില്പന നടത്തും.
ഓണക്കാലത്ത് സര്‍ക്കാര്‍ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ കലാകാരډരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല.
കയര്‍ ഫെഡ് ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ അവരുടെ കയര്‍ ഉല്‍പ്പങ്ങള്‍ക്ക് പരമാവധി 23% ഇളവ് നല്‍കും. മെത്തകള്‍ക്ക് പരമാവധി 50% ഇളവ് നല്‍കും.
2000 കര്‍ഷക ചന്തകള്‍ ഓണത്തിന്റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 14 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് മൊത്ത വ്യാപാര വിലയെക്കാള്‍ 10 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വില്‍ക്കുക. ജൈവ പച്ചക്കറികള്‍മൊത്ത വ്യാപാര വിലയെക്കാള്‍ 20 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ചും വിപണി വിലയെക്കാള്‍ 10 ശതമാനം വരെ താഴ്ത്തിയും വില്‍ക്കുന്നതായിരിക്കും.
ഹേമ കമ്മിറ്റി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അനേകം വാര്‍ത്തകള്‍ വരുന്ന സമയമാണല്ലോ. അതേക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു പോകേണ്ടതുണ്ടെന്ന് തോന്നുന്നു.
ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു സമിതിയെ നിയോഗിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്.
“It is for the first time that a government in this country has ventured upon such a novel task and we are glad to be a part of this journey.”
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഈ കമ്മിറ്റിയെ നിയോഗിച്ചത്.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയും, സുപ്രസിദ്ധ സിനിമാ താരം ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വല്‍സലകുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയെ ചുമതലപ്പെടുത്തി 2017 ജൂണ്‍ ആറിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. നിശ്ചിത സമയത്തിനുളളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവത്തതിനാല്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്കി. 31. 12. 2019 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രധാന്യം നല്കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
അടിയന്തരസ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം സൃഷ്ടിക്കേണ്ടതുമായ പ്രശ്നങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് പൊതുമാര്‍ഗ്ഗ രേഖകൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ശ്രമിച്ചത്.
സിനിമാ വ്യവസായമേഖലയില്‍ ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാര്‍ശ വനിതകള്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക്പ്രോല്‍സാഹനം നല്‍കണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സര്‍ക്കാര്‍ അതില്‍ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. പ്രതിവര്‍ഷം വനിതകളുടെ വിഭാഗത്തില്‍ രണ്ടും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ടും സിനിമകള്‍ക്ക് പരമാവധി ഒന്നരകോടി നല്കാന് തീരുമാനിച്ചു. നിലവില്‍ നാല് സിനിമകള്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകള്‍ നിര്‍മ്മിക്കുന്ന മറ്റ് ചലചിത്രങ്ങള്‍ നിര്‍മ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്കി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സര്‍ക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനില്‍പോലും ഈ നേട്ടം ചര്‍ച്ചയായത് നമ്മള് ഓര്‍ക്കണം.
കമ്മറ്റിയുടെ ശുപാര്‍ശകളിലൊന്ന് സിനിമാ, ടെലിവിഷന്‍, സീരിയല്‍ രംഗത്തെ തര്‍ക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യല്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവര്‍ഷം ഗണ്യമായ ആവര്‍ത്തന ചെിലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാല്‍ കേരള സിനി എപ്ലോയേഴ്സ് ആന്റ് എപ്ലോയീസ് (റെഗുലേഷന്) ആക്ട് ഉണ്ടാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാര്ക സര്‍ക്കാര്‍ പരിഗണിച്ച് നടപടിയെടുക്കും.
നിലവിലെ സാമ്പത്തിക സ്ഥിയില്‍ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ അതും വിശദമായ പരിശോധനക്കായി മാറ്റി വെച്ചിരുക്കുകയാണ്.
മറ്റൊരു ശുപാര്‍ശ സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ്. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ സിനിമാ രംഗത്തെ വിവിധ മേഖലകളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധായകന് വരെയുളള സിനിമക്ക് മുന്നിലും ,അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക.
വനിതകള്‍ക്കായി പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്വിഷന്, മാര്‍ക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്.പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറ് മാസക്കാലത്തേക്ക് സ്റ്റൈപന്റ് അനുവദിക്കും.കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സിനിമയുടെ ഏതെങ്കിലും മേഖലയില്‍ മികവു പുലര്‍ത്തുന്ന സ്ത്രീ, ട്രാസ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി 50,000 രൂപയുടെ പ്രത്യേക അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ ഗായിക ശ്രീമതി. നാഞ്ചിയമ്മ, ശ്രീമതി. ശ്രുതി ശരണ്യം എന്നിവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.
അഭിനയം വൈദഗ്ദ്യം ഉളള തൊഴില്‍ മേഖലയായതിനാല്‍ സ്ത്രീ പുരുഷ ഭേഭമന്യ തുല്യവേതനം ഏര്‍പ്പെടുത്തുക പോലെയുളള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളില്‍ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും. പ്രൊഫഷണല്‍ ആയ സിനിമാ താരത്തിന്റെ ശമ്പളവും, തുടക്കക്കാരനായ നടന്റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പിലാക്കുന്നതിന് പ്രായോഗിക തടസമുണ്ട്. മാത്രമല്ല നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തിനും, തൊഴില്‍നൈപുണിയിലുമെല്ലാം അനാവശ്യ മാര്‍ഗ്ഗരേഖകള്‍ കൊണ്ട് വരുന്നത് സിനിമക്കും ഹിതകരമല്ല.
മദ്യം, മയക്കുമരുന്ന് പോലെയുളള ആശ്വാസകരമല്ലാത്ത പ്രവ്യത്തികള്‍ തടയണം, ലൈംഗിക അതിക്രമങ്ങള്‍ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകള്‍. അതിനെല്ലാം ഇപ്പോള്‍ തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപ്പെടാന്‍ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിംഗ് മുറികള്‍, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇതാകെ ചര്‍ച്ച ചെയ്യും.
സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്മാരും ആകെ അസാന്മാര്ഗിക സ്വഭാവം വെച്ച് പുലര്‍ത്തുന്നവരാണെന്നോ ഉളള അഭിപ്രായം സര്‍ക്കാരിന് ഇല്ല. ഒരു റിപ്പോര്‍ട്ടിന്റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. പ്രമേയത്തിന്റെ ശക്തിസ്ഥിരത കൊണ്ട് മനുഷ്യകഥാനുഗായികളായ എത്രയോ നല്ല ചലച്ചിത്രങ്ങള്‍ ജനിച്ച മണ്ണാണിത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ കൊണ്ട് വ്യതിരിക്തമായ സിനിമാഭാഷക്ക് വ്യാകരണം ചമച്ച നാടാണ് കേരളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല.
വിദ്യാസമ്പന്നരും, പുരോഗമന വീക്ഷണവും ഉള്ളവരാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം സിനിമാ പ്രവര്‍ത്തകരും. സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്മാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തില്‍ വില്ലന്മാരുടെ സാനിധ്യം ഉണ്ടാവാന്‍ പാടില്ല. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാത്താക്കാന്‍ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈ എടുക്കണം. സിനിമക്കുളളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ലോബിയിംഗിന്റെ ഭാഗമായി കഴിവുളള നടീ നടന്മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്.
കഴിവും, സര്‍ഗ്ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്റെയും മാനദണ്ഡം. ഗ്രൂപ്പുകളോ,കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമാവ്യവസായത്തിന്റെ ഭാഗമാകുന്നത് എന്നത്കൊണ്ടുതന്നെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ സിനിമയിലും എത്തുക സ്വഭാവികമാണ്. സിനിമക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും, സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണ്.
ദുരിതാശ്വാസ നിധി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ ആണ് ലഭിക്കുന്നത്. കുട്ടികളുടെ നാണയത്തുട്ടുകള്‍ മുതല്‍ കോടികള്‍ വരെയുള്ള സംഭാവനകള്‍ വരുന്നുണ്ട്. ശസ്ത്രക്രിയക്കായി മാറ്റിവെച്ച തുക സംഭാവന ചെയ്തവരുണ്ട്. മരണാനന്തരചടങ്ങുകള്‍ക്കും വിവാഹത്തിനുമായി സ്വരുക്കൂട്ടി വച്ച തുക സംഭാവന ചെയ്ത കുടുംബങ്ങള്‍ ഉണ്ട്.
കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പദ്ധതികള്‍ക്ക് പ്രോത്സാഹനമായി കൂടെ നിന്ന് സഹകരിക്കുമെന്നും അതിന്റെ ഭാഗമായി 100 വീടുകള്‍ പുഃരധിവാസത്തിനായി നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വീടും വരുമാന മാര്‍ഗ്ഗവും നഷ്ടപ്പെട്ട കുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ അറിയിച്ചിട്ടുണ്ട്
എല്ലാവരും സ്വയം തീരുമാനിച്ച് സഹായ ഹസ്തം നീട്ടുകയാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ഒരനുഭവം ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട് എന്ന് കരുതുന്നു.
തമിഴ്നാട്ടിലെ റോട്ടറി ക്ലബ്ബ് ഭാരവാഹികളില്‍ ചിലര്‍ ഓഫിസില്‍ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവര്‍ കൈമാറി. പിന്നീട് പരിശോധിച്ചപ്പോള്‍ ഫ്യൂച്ചര്‍ ഗെയിമിങ് എന്നാണ് ചെക്കില്‍ കണ്ടത്. സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്ത ബന്ധുക്കളാണ് ചെക്ക് ഇവിടെ നല്‍കിയത് എന്നാണ് അതോടെ മനസ്സിലാക്കാനായത്. ആരുടേതാണ് എന്ന വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട് എന്ന് മാത്രം പറയട്ടെ.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്(കെ.എസ്.ടി.എ) ഒരു കോടി അന്‍പത്തി ഏഴ് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരത്തി എണ്ണൂറ്റി മുപ്പത്താറ് (1,57,45,836) രൂപ.
ടാറ്റാ കണ്‍സ്യൂമര്‍ പ്രെഡക്ട്സ് ലിമിറ്റഡ്(ടി.സി.പി.എല്‍) 50 ലക്ഷം രൂപ.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപ.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാര്‍ 57,74,000 രൂപ.
ഓത്തോ ക്രിയേഷന് മൂവാറ്റുപുഴ ഒരു ലക്ഷം രൂപ.
തലയാര്‍ ടി കമ്പനിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം 3,09004 രൂപ.
മൂന്നാര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 5 ലക്ഷം രൂപ.
ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് 5,55,555 രൂപ
പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്ക് 50 ലക്ഷം രൂപ.
ഹൃദ്രോഗവിദഗ്ധന് ഡോ.കെ.എം.ചെറിയാനും ഡോ.കെ.എം.സി ഹോസ്പിറ്റല്‍
ജീവനക്കാരും ചേര്‍ന്ന് 11 ലക്ഷം രൂപ.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 10 ലക്ഷം രൂപ.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന് 3,86,401 രൂപ.
ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന് 2,50,000 രൂപ.
കേരള ഖാദി വില്ലേജ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന് 2,35,000 രൂപ.
ലക്ഷദ്വീപിലെ അഗത്തി സ്കൂള്‍ 1,40,060 രൂപ.
യൂണിവേഴ്സിറ്റി അഡ്മിഷന് നെറ്റ് വര്‍ക്സ് എറണാകുളം ആദ്യ ഗഡു ഒരു ലക്ഷത്തി നാലു രൂപ.
ഗ്രോവെയര്‍ എഡ്യൂക്കേഷന്‍ സൊല്യൂഷന് ഒരു ലക്ഷം രൂപ.
യു കെയിലെ ന്യൂ പോര്‍ട്ട് മലയാളി ഫ്രണ്ട്സ് കൂട്ടായ്മ 71,500 രൂപ.
സെന്റ് ജോണ്‍സ് ഇ.എം മോഡല്‍ ഹൈസ്കൂള്‍ , ബിന്‍ഡുമില്ലി, ആന്ധ്രപ്രദേശ് 50,000 രൂപ.