തൊണ്ടിമുതല്‍ കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആൻ്റണി രാജു നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഗൗരവ സ്വഭാവമുള്ളതാണെന്നും അന്വേഷണ ഉത്തരവ് റദ്ദാക്കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാട്. ഇതിനെതിരെ ആൻ്റണി രാജു ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. സര്‍ക്കാരിൻ്റെ സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്നായിരുന്നു നേരത്തെ അപ്പീല്‍ പരിഗണിക്കവെ ആൻ്റണി രാജുവിൻ്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഒപ്പമില്ലാത്തത് കൊണ്ടല്ലേ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് പറയാന്‍ കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ ആൻ്റണി രാജു കൃത്രിമത്വം കാട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ആൻ്റണി രാജുവിനെതിരായി ഹൈക്കോടതി ഉത്തരവിട്ട പുനരന്വേഷണം സുപ്രീം കോടതി നേരത്തെ തടഞ്ഞത്. ഹൈക്കോടതി ഉത്തരവിനെതിരെ ആൻ്റണി രാജു നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ 33 വര്‍ഷത്തിന് ശേഷം പുനരന്വേഷണം നടത്തുന്നതിനെ എതിര്‍ത്താണ് ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ടിലധികം നിയമനടപടികളുമായി സഹകരിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് മനോവിഷമം ഉണ്ടാക്കുന്നു. അതിനാല്‍ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം. ആൻ്റണി രാജു ജൂനിയർ അഭിഭാഷകനായിരിക്കെ 1990 ഏപ്രിലില്‍ വിദേശിയായ പ്രതിയെ രക്ഷപെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്.