ബസിൽ യാത്ര ചെയ്യവേ ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ മറ്റ് യാത്രക്കാരെ ഇറക്കി വനിതാ കണ്ടക്ടറുടെയും നേഴ്സിന്റെയും സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആന്ധ്രയിലെ ഗഡ്വാളിൽ നിന്ന് വനപർത്തിയിലേക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിജിഎസ്ആർടിസി) ബസിൽ യാത്ര ചെയ്യവേയാണ് ഗർഭിണിയായ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി, മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിന്റെയും വനിതാ കണ്ടക്ടറുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചപ്പോള്‍, നിമിഷ നേരം കൊണ്ട് വൈറലായി. പ്രസവശേഷം അമ്മയെയും മകളെയും കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ ഇങ്ങനെ എഴുതി, “തിങ്കളാഴ്ച രാവിലെ സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങൾക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു നേഴ്സിന്റെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയെയും കുഞ്ഞിനെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെന്റിന്റെ പേരില്‍ അഭിനന്ദനങ്ങൾ. കൃത്യസമയത്ത് നേഴ്സിന്റെ സഹായത്തോടെ പ്രസവിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.” അദ്ദേഹം എഴുതി. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോള്‍ തന്നെ സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ടിജിഎസ്ആർടിസി ജീവനക്കാർ സേവന മനോഭാവം പ്രകടിപ്പിക്കുന്നത് വലിയ കാര്യമാണെന്നും, വിസി സജ്ജനാർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് വനിതാ കണ്ടക്ടര്‍ ജി ഭാരതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.