തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500-15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.
സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്‌പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾക്കുമേൽ വരും. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. ഉത്തരേന്ത്യൻ നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്ഷെഡിങ് വേണ്ടിവന്നു.