പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പി.കെ.ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന.പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവയ്ക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ നീക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചിരുന്നു.മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം.
ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പി.കെ.ശശിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.