കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സമയം തേടി. വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെയും കാണും. കടുത്ത നടപടികളിലേക്ക് പോകാൻ മടിക്കില്ലെന്നു ഗവർണർ ഇന്നലെ പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. അദ്ദേഹം വ്യക്തമാക്കി.അതേസമയം കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ദില്ലിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ സമരം തുടങ്ങി. കൊൽക്കത്ത സംഭവത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.