2024ലെ ഐ.സി.ആർ.ടി ഗോൾഡ് അവാർഡിന് കേരള ടൂറിസം അർഹമായി. എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.
ആഗസ്ത് 30, 31 തിയതികളിൽ ഡൽഹിയിൽ നടക്കുന്ന കോൺഫറൻസിൽ അവാർഡ് വിതരണം ചെയ്യും. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
തുടർച്ചയായി മൂന്നാം തവണയാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്. 2022ൽ നാല് ഗോൾഡ് അവാർഡുകൾ ലഭിച്ചിരുന്നു. 2023ൽ ഒരു ഗോൾഡ് അവാർഡും ഉത്തരവാദിത്ത ടൂറിസം മിഷൻ കരസ്ഥമാക്കി. തുടർച്ചയായി മൂന്ന് വർഷവും വിവിധ കാറ്റഗറികളിൽ ഗോൾഡ് അവാർഡ് നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി.