സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്റിട്ടയാൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. കൊച്ചി സൈബർ പൊലീസിലാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഈ കാര്യം അദ്ദേഹം അറിയിച്ചത്. പരാതിയുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചു.അടുത്തിടെയായി വ്യക്തിപരമായ വിഷയങ്ങളിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വേട്ട നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 17ന് ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയുള്ള കമന്റാണു പരാതിക്ക് അടിസ്ഥാനം.
ചിങ്ങം ഒന്നിന്റെ ഭാഗമായി ഇട്ട പോസ്റ്റിൽ സുധി എസ് നായർ എന്നയാളാണ് പോസ്റ്റിനു താഴെ അധിക്ഷേപകരമായ കമന്റിട്ടത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ഗോപി സുന്ദർ വിവാദ കമന്റിന്റെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്.തന്റെ അന്തരിച്ച അമ്മയ്ക്കെതിരെയാണ് ഇയാൾ അധിക്ഷേപകരവും അശ്ലീലം നിറഞ്ഞതുമായ പരാമർശം നടത്തിയത്. നിരപരാധിയായ അമ്മയെയും തന്നെയും പൊതുസമൂഹത്തിനു മുന്നിൽ താറടിക്കുന്ന തരത്തിലുള്ളതാണു പരാമർശങ്ങൾ. ഇതേ കമന്റ് നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകളും ട്രോൾ വിഡിയോകളും ഏറ്റുപിടിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണെന്നും പരാതിയിൽ ഗോപി സുന്ദർ പറയുന്നു.