മലയിന്‍കീഴ് : മഴ പെയ്താല്‍ ചെളിയഭിഷേകവും വെയിലായാല്‍ പൊടി തിന്നാനുമാണ് മലയിന്‍കീഴുകാരുടെ വിധി. കാരണം കാട്ടാക്കട മലയിന്‍കീഴ് തിരുവനന്തപുരം റോഡിന്റെ ദുരവസ്ഥ തന്നെ. മലയിന്‍കീഴ് ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍വശം മലയിന്‍കീഴ് തിരുവനന്തപുരം റോഡില്‍ കൃഷ്ണഗിരി മെറ്റല്‍സിന് മുന്‍വശവും സമീപ ഇടങ്ങളുമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളായി കിടക്കുന്നത്.
മഴയത്ത് റോഡിലെ കുഴികളില്‍ വെള്ളം നിറയുന്നതോടെ കാല്‍നടയാത്രക്കാരായ ആളുകളുടെ യാത്ര ദുരിതപൂര്‍ണ്ണമാണ്. റോഡിന്റെ പകുതി ഭാഗത്തിലധികം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളുമായാണ് കിടക്കുന്നത്. ഒരുവശം കുഴികളായതിനാല്‍ സമാന്തരമായി വരുന്ന വാഹനങ്ങള്‍ക്ക് വളരെ പതുക്കെമാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണാകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി കടകളും സ്ഥാപനങ്ങളുമുണ്ട്. കൂടാതെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരായ ആളുകളുടേയും വിദ്യാര്‍ത്ഥികളുടേയും ശരീരത്ത് ചെളിയഭിഷേകം നടത്തുന്നതും പതിവാണ്.
വാട്ടര്‍ അതോറിറ്റി പലപ്പോഴായി ബി.എസ്.എന്‍.എല്‍.ഓഫീസിന് മുന്നില്‍ ചെയ്യുന്ന പണികള്‍ കാരണം രൂപപ്പെടുന്ന ചെളിയില്‍ കുട്ടികളും വയോധികരുമെല്ലാം തെന്നിവീഴുന്നത് പതിവ് കാഴ്ചയാണ്. ചെളിയില്‍ കുളിക്കാതെ എന്ന് ഈ റോഡിലൂടെ ഗതാഗതം ചെയ്യാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.