വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു.തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചു എന്നും വക്കീൽ നോട്ടീസിൽ റിബേഷ് പറഞ്ഞു. ആയതിനാൽ പാറക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
‘കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമായി. ഈ ഫേസ്ബുക്ക് പോസ്റ്റ് കാരണം തന്നെ ആളുകൾ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പോകുമ്പോൾ ആളുകൾ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീൽ നോട്ടീസിൽ വിവരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം പരസ്യമാി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.