എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും
. സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും റായലസീമ മുതൽ കോമറിൻ മേഖല വരെ 900 mഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കിയത്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും ഓഗസ്റ്റ് 17 വരെ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. പോത്തുകല്ലിൽ തിരച്ചിലിന് പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തും.