ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ കൊലചെയ്യപ്പെട്ട ദിവസമാണ് ഓഗസ്റ്റ് 15.
ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് എടുത്തുകളയാൻ കരട് തയ്യാറാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 49 വർഷങ്ങൾക്ക് മുമ്പ് 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ കൊലചെയ്യപ്പെട്ടത്. വിലാപദിനമായി ആചരിക്കുന്ന ഈ ദിവസം രാജ്യത്ത് അവധി ദിനമാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബുർ റഹ്മാൻ. അവധി ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. ദേശീയ ദിനം എടുത്തുകളയാൻ തീരുമാനമെടുക്കുന്നതിനിടെ ഓഗസ്റ്റ് 15ന് മുജിബുർ റഹ്മാന്റെ ചിത്രത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവാമി ലീഗ് പാർട്ടി അംഗങ്ങൾ.ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും ഉടച്ചുവാർക്കാനാണ് ഇടക്കാല സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പൊലീസിന്റെ യൂണിഫോമിൽ മാറ്റം വരുത്തും. പൊലീസ് യൂണിഫോമിന്റെ ഭാഗമായ ബോട്ടിന്റെ ലോഗോയാണ് മാറ്റുക. അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് ഈ ലോഗോ. യൂണിഫോമിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ലോഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം.ഇതിനിടെ ബംഗ്ലാദേശിലെ ‘കലാപകാരികൾ’ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. രാജിവച്ച് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മുജിബുർ റഹ്മാന്റെ പ്രതിമ തകർത്തതിലും നീതി വേണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.1975 ഓഗസ്റ്റ് 15 ന് നടന്ന കൂട്ടക്കൊലയിൽ തന്റെ പിതാവടക്കം കുടുംബത്തെയാകെ നഷ്ടപ്പെട്ടതും അവർ ഓർമ്മിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവ് മുജിബുർ റഹ്മാൻ, മാതാവ്, മൂന്ന് സഹോദരങ്ങൾ, രണ്ട് സഹോദരങ്ങളുടെ ഭാര്യമാർ, സഹപ്രവർത്തകർ അടക്കം 36 പേരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്.തന്റെ കുടുംബത്തിന്റെ നഷ്ടത്തെയോർത്തെടുത്ത ഷെയ്ഖ് ഹസീന, പ്രക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരെയും സ്മരിച്ചു. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു. കലാപത്തിൽ അന്വേഷണം നടത്തി അതിന് കാരണമായവരെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.