തിരുവനന്തപുരം: ഐഎസ്ആർഒയുടെ പുതിയ ദൗത്യത്തിൻ്റെ വിക്ഷേപണ തീയതി മാറ്റി. എസ്എസ്എൽവി ഇഒഎസ് 08 വിക്ഷേപണം ആഗസ്റ്റ് 16ന് വിക്ഷേപിക്കുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. ആഗസ്റ്റ് 15ന് വിക്ഷേപണം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം രാവിലെ 9:17നാണ് വിക്ഷേപണം ആഗസ്റ്റ് 16 ന് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനേഴിന് നടന്ന ജിഎസ്എൽവി എഫ് 14ആയിരുന്നു ഇസ്രൊയുടെ അവസാന വിക്ഷേപണ ദൗത്യം.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ചത്. ഇഒഎസ് 08 ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയാണ് വിക്ഷേപണ വാഹനം. എസ്എസ്എൽവിയുടെ മൂന്നാം പരീക്ഷണ വിക്ഷേപണമാകും ഇത്. ആദ്യ ദൗത്യത്തിൽ കാലിടറിയ എസ്എസ്എൽവിയുടെ രണ്ടാം ദൗത്യം വിജയമായിരുന്നു. ഈ വിക്ഷേപണം കൂടി വിജയിച്ചാൽ എസ്എസ്എൽവി പൂർണതോതിൽ പ്രവർത്തനക്ഷമമാകും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 08 രാപ്പകൽ ഭേദമന്യേ ഇൻഫ്രാറെഡ് ചിത്രങ്ങളെടുക്കാൻ കെൽപ്പുള്ള ഉപഗ്രഹമാണ്. ദുരന്ത നിവാരണത്തിനും, പരിസ്ഥിതി പഠനത്തിനും ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ മുതൽക്കൂട്ടാകും.