സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി. അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കി. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കാത്തത് അദാനിയുടെ കമ്പനിയുമായി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനുമുള്ള ബന്ധം കാരണമാണെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം.
ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നുമാണ് മാധബി ബുച്ചിന്റെ പ്രതികരണം. ഇന്നലെയാണ് കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സെബിയെയും വെട്ടിലാക്കി ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നത്.
ഇതിനിടെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമെന്നാണ് കോണ്‍ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചത്. നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി. ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തൽ പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്കും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ പറയുന്നു. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു. അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുദ്ധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റിന്റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു