പാലോട്:നിരന്തര ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് പാലോട്ട് ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റിനു തുടക്കമായത്. നൂറിലധികം സർക്കാർ ഓഫീസുകളും തോട്ടം, വനമേഖലകളും ചേർന്ന പാലോട്ടെ അടിയന്തര ആവശ്യമായിരുന്നു ഈ സ്ഥാപനം. നന്ദിയോട്, പനവൂർ, പെരിങ്ങമ്മല, പാങ്ങോട് തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആപത്ഘട്ടങ്ങളിൽ ആശ്വാസമാകുന്നതിനുവേണ്ടിയാണ് പാലോട് കേന്ദ്രമാക്കി അഗ്നിരക്ഷാസേന യൂണിറ്റിനു സ്ഥലം കണ്ടെത്തി കെട്ടിടവും നിർമിച്ചത്. എന്നാൽ ഒൻപതുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാനായില്ല. ഇതിനായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി തെരുവുനായകളുടെ താവളമായിമാറി.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പടക്കനിർമാണമേഖലയാണ് നന്ദിയോട്. കഴിഞ്ഞ ദിവസവും പടക്കനിർമാണത്തിനിടെ സംഭവിച്ച സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. നെടുമങ്ങാട്, വിതുര യൂണിറ്റുകളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റാണ് തീകെടുത്താനെത്തിയത്. ഇവർ എത്തുമ്പോഴേക്കും കെട്ടിടം പാതിയിലധികം കത്തിപ്പോയി.
ദേശീയ സസ്യോദ്യാനം, ദേശീയ എണ്ണപ്പന ഗവേഷണകേന്ദ്രം, സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സ്കൗട്ട് പരിശീലനകേന്ദ്രം, വനംവകുപ്പിന്റെ പരിശീലനകേന്ദ്രം തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളടങ്ങിയ പ്രദേശമാണ് പാലോട്.
വാമനപുരം ആറിലെ അപകടകരമായ ചെറ്റച്ചൽ, ചെല്ലഞ്ചി കടവുകളും ഇതിനോടടുത്താണ് സ്ഥിതിചെയ്യുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കത്തിൽ അപകടങ്ങൾക്കും കുറവില്ല
അഞ്ച് വർഷത്തിനിടെ വാമനപുരം ആറിൽ മാത്രം 12 പേരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. അപ്പോഴെല്ലാം നെടുമങ്ങാടുനിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇതു വലിയ സമയനഷ്ടത്തിനും ജീവൻനഷ്ടത്തിനും കാരണമാകുന്നു.
ഡി.കെ.മുരളി എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് പാലോട് അഗ്നിരക്ഷാസേനയ്ക്കുള്ള കെട്ടിടം നിർമിച്ചത്. രണ്ട് മൊബൈൽ ടാങ്കുകൾ, പാർക്കിങ് സ്ഥലം, ഗാരേജ്, ഓഫീസ്, വിശ്രമമുറി, രണ്ട് ശൗചാലയങ്ങൾ, കുടിവെള്ളസംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.