സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാൾ മുതൽ വീണ്ടും മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അലർട്ടാണ്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിണി ഡാം തുറന്നിട്ടുണ്ട്. റിവർ സ്ലൂയിസ് തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിലാണ് വെള്ളം കുറുമാലി പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. പുഴയിൽ 10 മുതൽ 12 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഇന്ന് വൈകിട്ട് 5 വരെയും നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുമാണ് ജല ക്രമീകരണം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.