വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധരായി നിരവധി പേർ. സംസ്ഥാന സർക്കാരിന് നിരവധി അപേക്ഷകളാണ് ഇത് സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്.എന്നാൽ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തീര്‍ത്തും അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.വയനാട്ടിലെ ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു. കൂടാതെ ദത്തെടുക്കൽ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാവൂ എന്നും സർക്കാർ വ്യക്തമാക്കി.
കേന്ദ്ര ബാല നീതി നിയമം 2015 പ്രകാരം ശിശു ക്ഷേമ സമിതിയാണ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് സംരക്ഷണവും കരുതലും ഉറപ്പാക്കുന്നത്. സെന്‍റര്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരിൽ നിന്ന് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് വിധേയമായി യോഗ്യരായവരെ തെരഞ്ഞെടുത്ത് അവർക്കാണ് കുട്ടികളെ ദത്തെടുക്കാന്‍ കഴിയുക.
അതേസമയം കുട്ടികളെ താല്‍ക്കാലികമായ ഒരു കാലയളവിലേക്ക് പോറ്റി വളര്‍ത്തുന്നതിനും നിയമപ്രകാരം സാധിക്കും. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ സംരക്ഷിച്ച് വരുന്ന കുട്ടികളെയാണ് ഇത്തരത്തിൽ നിയമപ്രകാരം വളർത്താൻ സാധിക്കുക. 6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും താല്‍ക്കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റി വളര്‍ത്തുന്നതിനുമാണ് സാധിക്കുക. ബാലനീതി നിയമം 2015, അഡോപ്ഷന്‍ റെഗുലേഷന്‍ 2022 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണിത്. htt://cara.wcd.gov.in വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും (04936 285050), ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലും (04936 246098) ലഭ്യമാകും