കല്ലായി പുഴയില്‍ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള ടെണ്ടറിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 11,41,70,041 രൂപക്ക് വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനി നല്കിയ കുറഞ്ഞ ടെണ്ടറിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പ്രവൃത്തി ഇതിനോടകം ആറ് തവണ ടെണ്ടർ ചെയ്തതിനാൽ ഇതിലും മികച്ച ഓഫര്‍ ലഭിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധിക തുകയായ 5,07,70,446 രൂപ അനുവദിക്കാന്‍ കോഴിക്കോട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ചെളിയും മണ്ണും കാരണം പുഴയിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. 2011 ലാണ് ചെളിയും മണ്ണും നീക്കം ചെയ്യാന്‍ 350 ലക്ഷത്തിന്റെ ഭരണാനുമതി ആദ്യം അംഗീകരിച്ചത്. എന്നാല്‍ ടെണ്ടര്‍ റദ്ദാക്കി. 2011 മാര്‍ച്ച് മുതല്‍ ടെണ്ടര്‍ വിളിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ അംഗീകാരത്തിന്റെ ഘട്ടം വരെയെത്തി നില്‍ക്കുന്നത്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ