ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അവര്‍ക്ക് ഇന്ത്യ എല്ലാ സഹായവും നല്‍കും.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലാദേശില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറില്‍ പതിഞ്ഞത്. ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ആകാശത്തേക്ക് കടക്കാന്‍ വിമാനത്തിന് അനുമതി നല്കി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്ക്വാഡ്രനില്‍നിന്ന് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളെ അയയ്ക്കാന്‍ ഉടനടി നിര്‍ദേശമെത്തി. ബിഹാറിലും ജാര്‍ഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമാസ്ഥാനത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി.
ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കേന്ദ്രമന്ത്രി ജയ്ശങ്കര് പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നു വന്ന പ്രതിഷേധങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണ്.മറ്റൊരു രാജ്യത്തേക്ക് പോകുന്നതില്‍ ഹസീന എന്തു തീരുമാനമെടുക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറ്റു നോക്കുകയാണ്. ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുകളുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിദേശകാര്യമന്ത്രി ജയ്ശങ്കര് പറഞ്ഞു.