ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ ദൗത്യ സംഘത്തിൻ്റെ പരിശോധന നാളെയും ( ഓഗസ്റ്റ് 7) തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തിൽ ചേർന്ന വിവിധ സേനാ വിഭാഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിതല പഞ്ചായത്ത് അധ്യക്ഷൻന്മാരുടെയും സെക്രട്ടറിന്മാരുടെയും അടിയന്തര യോഗം ഇന്ന് കളക്ട്രേറ്റിൽ ചേരും. പ്രകൃതിദുരന്ത മേഖലകളിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകൾ ശുചീകരിക്കും. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.