കൊച്ചി: വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി.
നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടിയത്. സിബിഐയാണ് കോടതിയെ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നത്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുത്തരവ്.
2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.