പൊന്മുടി :വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലെ വനാന്തരങ്ങളിൽ ശക്തമായ മഴ പെയ്യുമ്പോൾ വിതുര നിവാസികളുടെ നെഞ്ചിൽ തീയാണ്. 32 വർഷം മുമ്പ് 1992 ഡിസംബറിലാണ് പൊന്മുടിയിൽ ഉരുൾപൊട്ടിയത്. അന്ന് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. വനത്തിൽ നിന്ന് പാറകളും മരങ്ങളും കല്ലാർ നദിയിൽ ഒഴുകിയെത്തി. കല്ലാറിന്റെ പ്രദേശങ്ങളും വിതുരയും മുഴുവൻ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. ഏക്കർ കണക്കിന് ഭൂമി ഒലിച്ചുപോകുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിക്കുകയും ചെയ്തു. വാമനപുരം നദി ഗതിമാറി ഒഴുകി. പാലോട് പാലം തകർന്നു. വാമനപുരം നദിയിലെ മറ്റ് ചില പാലങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഈ മഴക്കാലത്തും അനവധി തവണ പൊൻമുടി വനമേഖലയിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ, ഐ.എസ്.ആർ.ഒയുടെ റിമോർട്ട് സെൻസിംഗ് സെന്റർ നടത്തിയ പഠനത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള നെടുമങ്ങാട് താലൂക്കിലെ 17 പഞ്ചായത്തുകളിൽ വിതുരയും ഉൾപ്പെടുന്നു. ആര്യനാട്, വിതുര, അമ്പൂരി, കുറ്റിച്ചൽ, കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, ഒറ്റശേഖരമംഗലം,പെരുങ്കടവിള, തൊളിക്കോട് തുടങ്ങിയവയാണ് മറ്റ് പ്രധാന പഞ്ചായത്തുകൾ.
നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരിയിൽ 23 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ 39 പേരാണ് മരിച്ചത്. അമ്പൂരിയെപ്പോലെ മലയോര മേഖലയായതിനാൽ തന്നെ വിതുരയും ഭീതിയിലാണ്. തലസ്ഥാനത്ത് 185 ഹെക്ടർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര റബർ ബോർഡും നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.