കഴിഞ്ഞ വർഷം ഏപ്രിൽ 10 ന് വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ 60 % വരെ ഇളവുവരുത്തി സർക്കാർ ഉത്തരവിറക്കി. ഇളവിന് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ട്. ഈടാക്കിയ അധികതുക ബാങ്ക് മുഖേന തിരിച്ചുകൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 2025 മാർച്ച് 31 നകം പണം തിരികെ കൊടുത്താൽ മതി.
ഏകദേശം നാലുലക്ഷം പേരാണ് കഴിഞ്ഞ സാമ്പത്തികവർഷം മാത്രം പെർമിറ്റിന് അപേക്ഷിച്ചത്. പെർമിറ്റ് കൈമാറ്റം ചെയ്തവർക്ക് ഇളവ് ലഭിക്കില്ല. എന്നാൽ പെർമിറ്റ് ഉടമ മരിച്ചാൽ അനന്തരാവകാശികൾക്ക് റവന്യു അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കും. അധികതുക തിരിച്ചുകിട്ടാൻ പഞ്ചായത്തുകളിൽ ഐഎൽജിഎംഎസ്, നഗരസഭകളിൽ കെസ്മാർട്ട് എന്നീ സോഫ്‌റ്റ്‌വെയർ വഴി ഓൺലൈൻ അപേക്ഷ നൽകണം. ഇതിന് ഇൻഫർമേഷൻ കേരള മിഷൻ സൗകര്യമൊരുക്കും.
പെർമിറ്റ് രസീത് നഷ്ടപ്പെട്ടവർ, സത്യപ്രസ്താവന, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്ബുക്ക് പകർപ്പ് എന്നിവനൽകി അപേക്ഷിക്കണം. പെർമിറ്റ്, അപേക്ഷ, ക്രമവൽകരണ ഫീസുകളിലെ അധികതുക തിരികെ ലഭിക്കും. അപേക്ഷകർ ആവശ്യപ്പെട്ടാൽ അധികതുക കെട്ടിടങ്ങളുടെ വസ്തുനികുതി ഇനത്തിൽ വരവുവച്ചു ക്രമീകരിക്കാം.