ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2025ന് മുമ്പായുള്ള മെഗാലേലത്തെക്കുറിച്ചുള്ള ടീം ഉടമകളുടെ മീറ്റിംഗിൽ ഉയർന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍. ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ മിനിലേലം മതിയെന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറ്റുടീമുകളായ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയവർ മെഗാലേലത്തെ അനുകൂലിച്ചു.
മെഗാലേലം വേണ്ടെന്ന നിലപാടിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ. ഈ വാദത്തെ സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ പിന്തുണച്ചു. ഒരു മികച്ച ടീമിനെ നിർമ്മിക്കാൻ വർഷങ്ങൾ വേണമെന്നും മൂന്ന് കൊല്ലത്തിലൊരിക്കൽ താരലേലം നടക്കുമ്പോൾ ടീം വീണ്ടും അഴിച്ചുപണി ചെയ്യേണ്ടി വരുന്നു ഏഴ് താരങ്ങളെയെങ്കിലും നിലനിർത്താൻ കഴിയണമെന്നും, മിനിലേലമാണ് അനുയോജ്യമെന്നും കാവ്യ മാരൻ വ്യക്തമാക്കി. പഞ്ചാബ് കിംഗ്സിന്റെ സഹഉടമ നെസ് വാദിയ മിനി ലേലം എന്ന വാദത്തെ എതിർത്തു. എന്നാൽ ഷാരൂഖ് ഖാനുമായി ചൂടേറിയ ചർച്ച നടന്നുവെന്ന റിപ്പോർട്ടുകൾ നെസ് വാദിയ നിഷേധിക്കുകയാണ് ചെയ്തത്.
ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ആവശ്യം ഇംപാക്ട് പ്ലെയർ നിയമം ഒഴിവാക്കണമെന്നതായിരുന്നു. ഒപ്പം മെഗാതാരലേലം വേണമെന്നും ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡൽ പറഞ്ഞു. ഓരോ ടീമുകൾക്കും എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.