ആലപ്പുഴ : ആലപ്പുഴയിൽ നിന്നും കാണാതായ രണ്ടു സ്ത്രീകളെ രണ്ടു പതിറ്റാണ്ടിലധികമായ ശേഷം നൂറനാട് പൊലീസ് കണ്ടെത്തി. മാന്നാർ കല കൊലക്കേസിന്‍റെ പശ്ചാത്തലത്തിൽ കാണാതായി വർഷങ്ങളായിട്ടും ആളുകളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് പുനരന്വേഷണം നടത്തിയിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിൽ 2000, 2003 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ നൂറനാട്, താമരക്കുളം എന്നിവിടങ്ങളിൽ നിന്ന് കാണാതായ രണ്ടു സ്ത്രീകളെയാണ് ഇപ്പോൾ കണ്ടെത്തിയത്.
കാണാതായ സമയത്ത് 24 ഉം 17 ഉം വയസുണ്ടായിരുന്ന യുവതികൾ തങ്ങളുടെ കാമുകൻമാരോടൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാടുവിട്ട ശേഷം പല സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. കാണാതായ വ്യക്തികൾക്കായി രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങളിൽ നൂറനാട് സി ഐ, എസ് ശ്രീകുമാറിന്റെ നേതൃത്തിലുള്ള ടീമാണ് ഇവരെ കണ്ടെത്തിയത്.
നിരവധി മൊബൈൽ നമ്പരുകൾ നിരീക്ഷിച്ചും ബന്ധുക്കൾക്കിടയിൽ വിവര ശേഖരണം നടത്തിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേയും നിലവിലെ താമസ സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചത്. രണ്ട് യുവതികളേയും കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.