തിരുവനന്തപുരം: ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍നിന്ന് രണ്ട് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ് (29) അറസ്റ്റിലായത്. നെടുമങ്ങാട് പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജ നമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകള്‍, പൂജാപാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, അടുത്തദിവസം പെരുംകൂര്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം നിലവിളക്കുകൾ, ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍നിന്ന് അമ്പതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ എന്നിവ ഇയാൾ മോഷ്ടിച്ചു. വെമ്പായം ഊരൂട്ടമ്പലം തമ്പുരാന്‍ ദേവീ ക്ഷേത്രത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന പൂജാ പാത്രങ്ങളും നിലവിളക്കുകളും തട്ടു വിളക്കുകളും കവർന്നു. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവീ ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും വിതുര മഹാദേവര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ചുള്ള പണാപഹരണം, നഗരൂര്‍ ആലംകോട് പാറമുക്ക് ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും പാത്രങ്ങളും മോഷണം ചെയ്തതുൾപ്പെടെ 15 ഓളം കേസുകള്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.