തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ മുന്നറിയിപ്പുകളെ ചൊല്ലി തർക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുൻ അനുഭവങ്ങൾ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമർശനവും ഉയരുന്നുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഴിചാരലുകൾക്കിടയിലാണ് മുന്നറിയിപ്പുകളെ
ചൊല്ലിയുള്ള ചർച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള
നടപടി. ഓറഞ്ച് അലർട്ട് എന്നാൽ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ
ഓറഞ്ച് ബുക്കിൽ പറയുന്നത്. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാൻ ആവശ്യപ്പെടണം. ക്യാമ്പുകൾ സജ്ജമാക്കണം.