തിരുവനന്തപുരം: അപകടകരമായ നിലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ നദികളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.
ഇടുക്കിയിലെ തൊടുപുഴ, തൃശൂരിലെ കരുവന്നൂർ, ഗായത്രി, കീച്ചേരി, പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ, കണ്ണാടിപ്പുഴ, പുലംതോട്, മലപ്പുറത്തെ കടലുണ്ടി എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ മണിമല, തൃശൂരിലെ ചാലക്കുടി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കാസർകോട് ജില്ലയിലെ ചന്ദ്രഗിരി, പയസ്വിനി എന്നീ നദികളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്കിയ നദികളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാസർകോട് മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടാണ്