കൽപ്പറ്റ: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ജെസിബി എത്തിച്ചു. മണ്ണ് നീക്കുന്നതിന് ആവശ്യമായ യന്ത്രസഹായം ലഭ്യമാകാത്തത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി ഉയർത്തിയിരുന്നു. മേപ്പാടി ചൂരൽമലയിൽനിന്ന് സാഹസികമായി പുഴ മുറിച്ചുകടന്നാണ് ജെസിബി മുണ്ടക്കൈയിലെത്തിച്ചത്.
മുണ്ടക്കെെയിൽ സംയുക്ത സംഘം രാവിലെ മുതൽത്തന്നെ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. വിവിധ സുരക്ഷാസേനകൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതുവരെ രക്ഷാപ്രവർത്തനം നടന്നത്.
വീടിന്റെ കോൺക്രീറ്റ് മേൽക്കൂര നീക്കംചെയ്യാനും മണ്ണ് നീക്കാനുമുള്ള ഉപകരണങ്ങളുടെ ലഭ്യത കുറവ് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രക്ഷാ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.