ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്ത് വസിക്കുന്നവർ ഭൂമിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളോ, പാറക്കെട്ടുകളിൽ ഉണ്ടാകുന്ന വിള്ളലുകളോ കണ്ടാൽ അധികൃതരെ അറിയിക്കണം അഥവാ ഉരുൾപൊട്ടൽ ഉണ്ടായാൽ തന്നെ പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക.
കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. അത്യാവശ്യ ഭക്ഷണം, ഫുൾ ചാർജ് ചെയ്ത് ഒരു ഫോൺ എന്നിവ അടങ്ങിയ എമർജൻസി കിറ്റ് എപ്പോഴും കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ എടുക്കുകയും ചെയ്യുക. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ എമർജൻസി നമ്പർ ഓപ്ഷനിൽ സേവ് ചെയ്യുകയും അടിയന്തിര ഘട്ടങ്ങളിൽ അവരെ വിളിക്കുകയും ചെയ്യണം.
ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യത തോന്നുന്ന സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.
ഉരുൾപൊട്ടൽ സമയത്ത് മരങ്ങളുടെ ചുവടെ അഭയം തേടരുത്. കഴിവതും ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുകയാണ് നല്ലത്.
പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
ഏത് സമയത്തും വെള്ളത്തിന്റെ ഒഴുക്കും മണ്ണിടിച്ചിലും ഉണ്ടാകാം എന്നതിനാൽ ഉരുൾപൊട്ടലിനു ശേഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകുകയോ
ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കാൻ ശ്രമിക്കുകയൊ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.