തൃശൂർ : ചിതയൊരുക്കി ജീവനൊടുക്കി 52കാരിയായ അമ്മ. വാടാനപ്പള്ളി തൃത്തല്ലൂര്‍ ഏഴാം കല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി (52) യാണ് മരിച്ചത്. തനിക്കുള്ളതെല്ലാം മകൾക്ക് എന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് വേലി കെട്ടുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടി അതിനുള്ളില്‍ വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ജീവനൊടുക്കിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദുബായിലായിരുന്ന ഇളയ മകള്‍ ബിലു ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താക്കോല്‍ വച്ച സ്ഥലം സൂചിപ്പിച്ച് ഒട്ടിച്ചുവച്ച കുറിപ്പടിയാണ് മകൾ വീട്ടിലെത്തിയപ്പോൾ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോൾ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മകൾ അയല്‍ക്കാരെ സഹായത്തിൽ നടത്തിയ തെരച്ചിലിലാണ് കത്തിയമർന്ന ചിത കണ്ടെത്തിയത്.
തിങ്കളാഴ്ച സന്ധ്യയോടെ ഷൈനിയുടെ വീട്ടുവളപ്പില്‍നിന്ന് തീ ഉയരുന്നത് കണ്ടതായി അയല്‍ വീട്ടുകാര്‍ പറയുന്നത്. എന്നാൽ മകള്‍ വരുന്നതിനാല്‍ ചവറുകള്‍ അടിച്ചുകൂട്ടി കത്തിക്കുന്നതാണെന്നാണ് അയൽക്കാർ വിചാരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് മറച്ചതിനാല്‍ വ്യക്തമായി ഒന്നും കണ്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഷൈനിയുടെ അക്കൗണ്ടിലെ തുക മുഴുവന്‍ മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഒരു വര്‍ഷം മുമ്പ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷൈനിയുടെ ഇളയ മകള്‍ കൃഷ്ണ മരിച്ചിരുന്നു. അതിനുശേഷം ഷൈനി മാനസികമായി പ്രശ്നങ്ങൾ അലട്ടിയിരുന്നതായും പറയുന്നു. മൃതദേഹം വാടാനപ്പള്ളി പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി.