വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ഷിജുവിന്റെ സഹോദരനും മകളും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും ഇപ്പോൾ ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും സഹപ്രവർത്തകനുമായ പ്രണവ് രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.