കൽപ്പറ്റ: വയനാട് പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30 യോടെ സൈന്യം എത്തും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനു ശേഷം 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികലുമായി വയനാട്ടിലേക്ക് പുറപ്പെടും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക.
സൈന്യമെത്തി പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 400 ലധികം വീടുകൾ ഉണ്ടായിരുന്ന മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ വെളിപ്പെടുത്തുന്നു.