വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികള്‍ ബെംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലത്തിന്റെ നിര്‍മാണം ഉച്ചയ്ക്ക് തുടങ്ങും. താല്‍ക്കാലിക പാലത്തിന്റെ ഭാഗങ്ങള്‍ കരമാര്‍ഗവും ഹെലികോപ്റ്ററിലും എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക, ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. പാലം നിർമിച്ചാല്‍ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങള്‍ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതാണ് ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. താൽക്കാലികമായി ചെറിയ പാലം നിർമിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. ബലമുള്ള പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകും.