പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം. അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളും.
അയർലൻഡിനെതിരെ തുടക്കത്തിൽത്തന്നെ കളി വരുതിയിലാക്കി ഇന്ത്യ. പെനൽറ്റി സ്‌ട്രോക്കിലൂടെ 11–-ാംമിനിറ്റിൽ ഹർമൻപ്രീത് ലീഡ് നൽകി. അടുത്ത പാദത്തിൽ 19–-ാംമിനിറ്റിൽ ലീഡുയർത്തി. അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാമതെത്തി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനൽ സാധ്യത നിലനിർത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍