മുണ്ടക്കൈ ദുരന്തത്തിൽ പാലക്കാട്ടുകാരനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്. കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. കോയമ്പത്തൂരിൽ മെക്കാനിക്കൽ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയ ബന്ധുവിനൊപ്പമാണ് ജസ്റ്റിൻ വയനാട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.