റാഞ്ചി: ഝാർഖണ്ഡിലെ ചക്രധാർപുരിനു സമീപം മുംബൈ – ഹൗറ മെയിലിന്റെ 18 കോച്ചുകള്‍ പാളം തെറ്റി രണ്ട് പേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.45ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 16 പാസഞ്ചർ കോച്ചുകളും പവർ കാർ, പാൻട്രി കാർ എന്നിവയുമാണ് മറിഞ്ഞത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.