കൊച്ചി: തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്ക് ജൂലൈ 30, 31 ദിവസങ്ങളിൽ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. കൂടാതെ ചാലക്കുടി, മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാൽ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ഉള്ള സാഹചര്യത്തിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവിട്ടു.