ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള ദുരന്തവും രക്ഷാപ്രവർത്തനങ്ങളും പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന് കേരള എം.പിമാർ ആവശ്യപ്പെട്ടു. പി സന്തോഷ് കുമാർ, പി.വി. അബ്ദുൽവഹാബ് തുടങ്ങിയവർ രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു സംസാരിച്ചു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യർത്ഥി ക്കുമെന്ന് രാഹുൽ ഗാന്ധി എം.പി അറിയിച്ചു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനവും അറിയിച്ചു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.