മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടറെ ബന്ദിയാക്കിയ കേസിൽ 60 പ്രതികളെയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. പ്രായമായവരും 30ലധികം സ്ത്രീകളുമടക്കമുള്ള മലയോര സംരക്ഷണ സമിതി പ്രവർത്തകർ വർഷങ്ങളായി കോടതി കയറിയിറങ്ങി അനുഭവിച്ച യാതനക്കാണ് ഇതോടെ പര്യവസാനമായത്. കേസിൽ പ്രതിചേർക്കപ്പെട്ടവർക്കായി നിയമപോരാട്ടം നടത്തിയത് കെ.പി.സി.സി സെക്രട്ടറി കൂടിയായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ്. കേസ് നടപടികൾ അവസാനിച്ചതിന്റെ സന്തോഷം അഭിഭാഷകനെ കോടതി വളപ്പിൽതന്നെ പൊന്നാടയണിയിച്ചും മധുരം നൽകിയുമാണ് അവർ ആഘോഷിച്ചത്.ഒല്ലൂർ മണ്ഡലത്തിലെ മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി 2015 ആഗസ്റ്റ് ഏഴിനാണ് അന്നത്തെ കലക്ടർ എസ്. ഷാനവാസിന്റെ ചേംബർ ഉപരോധിച്ചത്. തനിക്ക് പരാതിയില്ലെന്ന് കലക്ടർ നിലപാടെടുത്തതാണ് കേസിൽ നിർണായകമായത്.