വിതുര : മലയോരമേഖലയിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ശക്തമായ കാറ്റ് കൂടി വീശിയതോടെ നാശനഷ്ടങ്ങളുടെ കണക്കും ഉയർന്നു. രണ്ടു ദിവസമായി വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മഴ കോരിച്ചൊരിയുകയാണ്. പൊന്മുടി, കല്ലാർ, ബോണക്കാട്, പേപ്പാറ അടക്കമുള്ള വനമേഖലയിലാണ് മഴ കൂടുതലായി പെയ്യുന്നത്.ശക്തമായ മലവെള്ളപ്പാച്ചിലിൽ നദികളിലേക്ക് പാറകളും മരങ്ങളും ഒഴുകിയെത്തി. കാറ്റിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. നൂറുകണക്കിന് റബർമരങ്ങൾ നിലം പൊത്തി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽമുങ്ങി. വ്യാപക കൃഷിനാശവുമുണ്ടായി. ഓണം ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികളും വെള്ളം കയറി നശിച്ചു. കർഷകർക്ക് കനത്ത നഷ്ടമുണ്ട്.
കാറ്റിൽ തൊളിക്കോട് പഞ്ചായത്തിലെ മലയടി പാറയിൽതോട്ടിൽ പണിക്കൽഹൗസിൽ ആർ.സുരേന്ദ്രന്റെ വീട് പൂർണമായും തകർന്നു. ആളപായമില്ല. പഞ്ചായത്തിലും വില്ലേജിലും അദ്ദേഹം പരാതിനൽകി. വീശിയടിച്ച കാറ്റിനെ തുടർന്ന് ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങൾക്കും കേടുപാടുണ്ടായി. ആദിവാസിമേഖലകളിലും മഴ നാശം വിതച്ചു.
പേപ്പാറ ഡാം തുറന്നു
പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. മഴകനത്താൽ വീണ്ടും ഉയർത്തും. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്തി. സമീപവാസികൾ ജാഗ്രതപുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ഗതാഗതതടസം
കനത്തമഴയിലും കാറ്റിലും പൊന്മുടി- കല്ലാർ റൂട്ടിൽ റോഡരികിൽ നിന്ന മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതിലൈൻ പൊട്ടി, പോസ്റ്റുകൾ നിലംപൊത്തി. പൊന്മുടി മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിവിതരണവും പുനഃസ്ഥാപിച്ചു.