പൂച്ചാക്കല്‍: പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതിനും നിലനിര്‍ത്താനുമായുള്ള പദ്ധതികള്‍ക്ക് തേവര്‍വട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. അന്തര്‍ദേശീയ കണ്ടല്‍ വനസംരക്ഷണ ദിനമായ 26ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് ടി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീക്കുട്ടന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആന്റണി പി, ഷാഫിബക്കര്, സംഗീത സിസി, ജോസിമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കണ്ടല്‍ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്ന വിഷയത്തില്‍ പ്രധാന അധ്യാപിക ഫൗസിയ ക്ലാസ് എടുത്തു. വേമ്പനാട്ടു കായലിന്റെ തീരപ്രദേശത്ത് നൂറോളം കണ്ടല്‍ ചെടികള്‍ വിദ്യാര്‍ത്ഥികള്‍ നട്ടു. ചിറയ്ക്കല്‍ കായലോരത്ത് നില്ക്കുന്ന വിവിധയിനം കണ്ടലുകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തൈക്കാട്ടുശേരി പഞ്ചായത്തു പരിധിയിലെ കണ്ടല്‍ വനങ്ങളെ സംരക്ഷിക്കുവാനും കണ്ടല്‍ വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നല്കി.
പഞ്ചായത്തില്‍ വരുന്നവര്‍ക്ക് കണ്ടലിന്റെ പ്രാധാന്യം മനസിലാകുവാനായി എഴുതിയ ചാര്‍ട്ടുകളും പഞ്ചായത്തിന് മുമ്പില്‍ സ്ഥാപിച്ചിട്ടാണ് വിദ്യാര്‍ഥികൾ മടങ്ങിയത്. ‘കണ്ടല്‍ സംരക്ഷിക്കുക’ എന്ന പദ്ധതിയുമായി തേവര്‍വട്ടം സ്കൂളില്ലെ കുട്ടികള്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ ബുക്കുകള്‍ വിതരണം ചെയ്തു.