വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സാഹസിക വിനോദ സഞ്ചാരം ജില്ലാ കളക്ടർ നിരോധിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. മലവെള്ള പാച്ചിലുള്ളതിനാൽ നാട്ടുകാരും വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങരുതെന്നും കളക്ടർ പറഞ്ഞു.
അതേസമയം ബാണാസുര അണക്കെട്ടില്‍ പതിനഞ്ച് സെന്റീമീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും.772.85 മീറ്ററാണ് നിലവിലെജലനിരപ്പ്. ഇത് 773.5 മീറ്ററില്‍ എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ ദിവസം തന്നെ ജില്ലകലക്ടര്‍ അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ബാണാസുര ഡാം തുറക്കുന്നപക്ഷം വെള്ളം കടന്നുപോകുന്ന കടമാന്‍ തോട് അടക്കമുള്ള ജലാശയങ്ങളുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളരിമല പുഞ്ചിരിമട്ടം നഗര്‍ നിവാസികളെ വെള്ളാര്‍മല ജി.വി.എച്ച്.എസിലേക്ക് മാറ്റി പാര്‍പ്പിച്ചു.