വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കയെ പൊലീസ് രക്ഷപെടുത്തി. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ തുടർച്ചയായ മഴ കൊണ്ട് അവശനിലയിലായിരുന്നു ഇവരുണ്ടായിരുന്നത്. ആടിനെ മേയ്ക്കാൻ കാട്ടിലെത്തിയ ആൾ സ്ത്രീയുടെ കരച്ചിൽ കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്.
ലളിത കയി എന്ന സ്ത്രീയെയാണ് രക്ഷിച്ചത്.ഇവരുടെ കൈവശം യുഎസ് പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. ശാരീരിക മാനസ്സികാരോഗ്യം കണക്കിലെടുത്ത് കൂടുതൽ ചികിത്സകൾക്കായി ലളിതയെ ഗോവയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മാനസ്സിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ ലളിതയ്ക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവ് ഇവരെ കെട്ടിയിട്ട് ഓടിപ്പോയിരിക്കാമെന്നാണ് നിഗമനം.