പൊന്മുടി :പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കുന്നു. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വന്നേക്കും. എന്നാൽ ഇത് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വനംവകുപ്പിന്റെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതിനകം ഫീസ് നിരക്ക് വർധിപ്പിച്ചു കഴിഞ്ഞു. സമാനമായ രീതിയിലാണ് പൊന്മുടി, മങ്കയം, കല്ലാർ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഫീസ് നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ നിർദേശം വന്നതായി പൊന്മുടിയിലെ വനപാലകർ പറയുന്നു.
നിലവിൽ ഒരാളിന് 40 രൂപയായിരുന്ന പ്രവേശനഫീസ് 80 രൂപയായി ഉയർത്തും. ഇതിന് ആനുപാതികമായി വാഹനനിരക്കും വർദ്ധിപ്പിക്കാനാണ് തീരുമാനം. പൊന്മുടിയിലെ രണ്ട് വനം സംരക്ഷണ സമിതികൾക്കാണ് ചെക്ക് പോസ്റ്റിലെ പണപ്പിരിവിന്റെ ചുമതല നൽകിയിരിക്കുന്നത്. കുട്ടികൾക്ക് 20 രൂപയിൽ നിന്ന് 40 ആക്കാനാണ് നീക്കം. ഇരുചക്ര വാഹനങ്ങൾക്ക് 20-ൽ നിന്ന് 40 ആക്കിയേക്കും. മുച്ചക്രവാഹനങ്ങൾക്ക് 30 രൂപയിൽ നിന്ന് 60-ലേക്കും, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 40-ൽ നിന്ന് 80-ലേക്കും, മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 80-ൽ നിന്ന് 160-ലേക്കും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 100-ൽ നിന്ന് 200-ലേക്കും വർധിപ്പിക്കാനാണ് നീക്കം.
സ്റ്റിൽ ക്യാമറയുടെ ഫീസ് നിരക്ക് 70-ൽ നിന്ന് 500 ആക്കിയേക്കും. സീതാ തീർഥത്തിലേക്കുള്ള ട്രക്കിങ് പാക്കേജിലും വർധന വരുത്തിയേക്കും.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താതെ ഫീസ് നിരക്ക് വർധിപ്പിക്കുന്നതിൽ വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്. സഞ്ചാരികൾക്ക് മഴപെയ്താൽ കയറിനിൽക്കാനുള്ള ഇടമോ, ശൗചാലയമോ ഇല്ലാതെയാണ് പൊന്മുടി അപ്പർ സാനിറ്റോറിയം പ്രവർത്തിക്കുന്നത്. ഇവിടെ കെ.എസ്.ആർ.ടി.സി. ബസിൽ എത്തുന്നവരിൽനിന്ന് പോലും ഫീസ് ഈടാക്കുന്നുണ്ട്.ഇതിനിടെ തൊഴിലാളികളെ പിരിച്ചുവിടാനും നീക്കമുണ്ടെന്നും അറിയുന്നു.