പാരിസ്: ഒളിംപിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റന്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു വിജയം. ജർമൻ താരം ഫാബിയൻ റോത്തിനെയാണ് പ്രണോയ് കരിയറിലെ ആദ്യ ഒളിംപിക്സ് മത്സരത്തിൽ തോല്പിച്ചത്. സ്കോർ– 21–18, 21–12. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ വിയറ്റ്നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി.
ടെന്നീസില്‍ സുമിത് നാഗല്‍ ഫ്രാന്‍സിന്റെ കോറന്റില് മൗടെറ്റിനോട് പരാജയപ്പെട്ടു. വനിതകളുടെ അമ്പെയ്ത്തില്‍ ടീം ഇനത്തിലും ഇന്ത്യക്ക് പരാജയം. ക്വാര്‍ട്ടറിൽ നെതര്‍ലന്‍ഡ്സിനോടാണ് തോല്‍വി വഴങ്ങിയത്. അതേസമയം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്ജുന് ബബുട്ട ഫൈനലിലെത്തി. ബോക്സിങ് വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന് റൗണ്ട് ഓഫ് 16-ല്‍ കടന്നു. ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി ഫ്രഞ്ച് താരത്തോട് പരാജയപ്പെട്ട് പുറത്തായി.