ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.
2009 ഡിസംബറിൽ കാണാതായ മാന്നാർ എരമത്തൂർ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനിൽകുമാറിനെ ഇതുവരെ ഇസ്രയേലിൽ നിന്ന് നാട്ടിൽ എത്തിക്കാനായില്ല. റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്ത് പുതിയ അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചു. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്