ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.