ഇടുക്കി അടിമാലി പഞ്ചായത്തില്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി കുടിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്.സംഭവത്തില്‍ ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ജലജയും ഭര്‍ത്താവ് ബാലകൃഷ്ണനും തമ്മില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ഇന്നലെ രാത്രിയില്‍ മദ്യലഹരിയില്‍ എത്തിയ ബാലകൃഷ്ണന് ജലജയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചാല്‍ തെളിവെടുപ്പ് നടത്തും. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.