വിതുര: വനപ്രദേശത്തോട് ചേർന്ന ജനവാസമേഖലയിൽ ഭീതി പടർത്തി ഒറ്റയാൻ ഇറങ്ങുന്നത് പതിവായി. വിതുര പഞ്ചായത്തിലെ പേപ്പാറ, മാങ്കാല ആദിവാസി മേഖലകളായ കിണറുവെട്ടി, മൺപുറം, വാറവിളാകം, ഒരുപറ, വയിലിൽപ്പുല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് ഒറ്റയാനിറങ്ങുന്നത്.
ഏതാനും ദിവസങ്ങളായി റോഡുകളിലും പുരയിടങ്ങളോട് ചേർന്നും ആനയെ കാണുന്നതായി നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞെത്തുന്ന വനപാലകർ കാട്ടിലേക്ക് വിരട്ടിയോടിക്കാറുണ്ടെങ്കിലും കുറച്ചു സമയത്തിനു ശേഷം വീണ്ടും ഇറങ്ങുകയാണ് പതിവ്. ഇരുന്നൂറിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്ന വയോജനങ്ങൾ, നടന്ന് സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, ജോലിക്കായി പുറത്തേക്ക് പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എന്നിവരാണ് ദുരിതത്തിലായത്.